അനക്കമില്ലാതെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ നിര്‍ദ്ദേശങ്ങളുടെ തുടര്‍ നടപടിക്കായി സംഘടനകളുടെ യോഗം വിളിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒന്നും നടന്നില്ല. 2019 ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് കിട്ടിയശേഷം മൊഴി നല്‍കിയവരുടെ സ്വകാര്യതാ പ്രശ്‌നം, ജസ്റ്റിസ് ഹേമയുടെ ഉപദേശം എന്നിവ ഉയര്‍ത്തി തുടക്കം മുതല്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.

അതേസമയം, ഡബ്‌ള്യൂസിസി അടക്കമുള്ളവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റിപ്പോര്‍ട്ടിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കേണ്ടത് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം മെയ് നാലിന് സര്‍ക്കാര്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. തുല്യവേതനം, സമഗ്ര നിയമം, അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നത് തുടങ്ങി 35ല്‍ അധികം നിര്‍ദ്ദേശങ്ങളെ ചൊല്ലിയായിരുന്നു ചര്‍ച്ച. എന്നാല്‍, റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് മറ്റ് ഉദ്ദേശ്യങ്ങള്‍ ഉണ്ടെന്ന മന്ത്രി സജി ചെറിയാന്റെ പ്രതികരണവും വിവാദമായി.

ഒരു മാസത്തിനകം വീണ്ടും യോഗം ചേരുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും മന്ത്രിസ്ഥാനത്ത് നിന്ന് സജി ചെറിയാന്‍ പുറത്തുപോയിരുന്നു. എന്നാലിപ്പോള്‍ തിരികെവന്നു. പക്ഷെ ഹേമ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ക്ക് മാത്രം ഒരനക്കവുമില്ല. ഒരു യോഗം പോലും പിന്നീട് ചേര്‍ന്നതുമില്ല, സിനിമാ മേഖലയില്‍ റെഗുലേറ്ററി അതോറ്ററി, തുല്യവേതനം തുടങ്ങിയ നിര്‍ദ്ദേശങ്ങളില്‍ തീരുമാനമായതുമില്ല.