ന്യൂഡൽഹി: ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്റെ ജോലിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ഭേദഗതി ബിൽ ഉൾപ്പെടെ ഇനി ഒപ്പിടാനുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവർണർ ഇനി ഒപ്പുവയ്ക്കാനുള്ളത് ആറ് ബില്ലുകളിലാണ്. ഇവയിൽ സർവകലാശാല ഭേദഗതി ബിൽ, ലോകായുക്ത ബിൽ തുടങ്ങിയവ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുമെന്നാണ് റിപ്പോർട്ടുകൾ. വഖഫ് നിയമനം പിഎസ്സിക്ക് വിട്ടത് റദ്ദാക്കാനുള്ള ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലിലും ഗവർണർ നേരത്തെ ഒപ്പിട്ടിരുന്നു.
തെലങ്കാന ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന് സമാനമായി കേരളവും സമീപിച്ചാലോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. അത് ഓരോരുത്തരുടെയും അവകാശമാണെന്നായിരുന്നു ചോദ്യത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം.

