കംപാല: സ്വവര്‍ഗാനുരാഗികളായോ ലൈംഗിക ന്യൂനപക്ഷമായോ ജീവിക്കുന്നവര്‍ക്ക് നീണ്ടകാലത്തെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്‍ ഉഗാണ്ട പാര്‍ലമെന്റ് പാസാക്കി. വന്‍ പിന്തുണയോടെ ചൊവ്വാഴ്ചയാണ് ബില്‍ പാസായത്.
സ്വവര്‍ഗാനുരാഗികളെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ വിവരം ലഭിച്ചാല്‍ അക്കാര്യം അധികൃതരെ അറിയിക്കണം. കുട്ടികളെ സ്വവര്‍ഗലൈംഗികതയ്ക്ക് പ്രേരിപ്പിക്കുകയോ അതിനുവേണ്ടി കടത്തിക്കൊണ്ടു പോകുകയോ ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കാനും ബില്‍ ചൂണ്ടിക്കാട്ടുന്നു. എല്‍ജിബിടി വിഭാഗക്കാരുടെ അവകാശ സംരക്ഷണത്തിനോ, സംഘടനകള്‍ക്കോ, പരിപാടികള്‍ക്കോ പണം നല്‍കുന്നതും, അവരെ അനുകൂലിക്കുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതും കുറ്റകരമാണ്.
അതേസമയം, ഉഗാണ്ടയില്‍ സ്വവര്‍ഗ ലൈംഗികത നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടപടികള്‍ കടുപ്പിക്കുന്നതാണ് ഈ പുതിയ നിയമം.

