കാപ്പി കുടിക്കാൻ ഇഷ്ടമല്ലാത്തവരായി അധികമാരും ഉണ്ടാകില്ല. രാവിലെ കോഫി കുടിക്കുന്നത് പലരുടെയും ശീലങ്ങളിലൊന്നാണ്. എന്നാൽ, കാപ്പി കുടിക്കുന്നത് നമുക്ക് തൽക്ഷണം ഉന്മേഷം നൽകുമെങ്കിലും അമിതമായി ഇത് കുടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. അമിതമായ കാപ്പി കുടിക്കുന്നത് നമ്മളെ ഉറക്കമില്ലായ്മയിലേക്ക് നയിക്കും. പ്രത്യേകിച്ച് രാത്രി സമയത്ത് കാപ്പി കുടിക്കുന്നത് തീരെ നല്ലതല്ല. ഇത് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തും.
ഒരുപാട് കാപ്പി കുടിക്കുന്നത് രക്തസമ്മർദ്ദത്തിന് കാരണമാകും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. അതിനാൽ കാപ്പി അമിതമായി കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. കാപ്പി കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിന് തൽക്ഷണം ഊർജ്ജം നൽകുമെങ്കിലും, കുറച്ച് മിനിറ്റുകൾക്ക് ശേഷം അത് നിങ്ങളെ കൂടുതൽ ക്ഷീണിപ്പിക്കും. അതിനാൽ അമിതമായി കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
അമിതമായി കാപ്പി കുടിക്കുന്നത് വയറുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. കാപ്പിയിലെ കഫീൻ അമിതമായി ശരീരത്തിലെത്തുന്നത് വയറിളക്കത്തിനും വയറുവേദനയ്ക്കും കാരണമാകാനും ഇടയുണ്ട്.

