ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ വീണ്ടും മോക് ഡ്രിൽ നടത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഏപ്രിൽ 10, 11 തീയതികളിൽ ആശുപത്രികളിൽ മോക് ഡ്രിൽ നടത്തുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് മോക് ഡ്രിൽ നടത്തുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം 1590 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 146 ദിവസത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. 8601 പേരാണ് കോവിഡ് ബാധിച്ച് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ചില സാമ്പിളുകളിൽ XBB 1.16 എന്ന പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകളിൽ നേരിയ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. അതിനാൽ, രാജ്യത്ത് പരിശോധനകൾ ശക്തമാക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

