മാലിന്യ സംസ്‌കരണത്തിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകരുത്; നിർദ്ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. മാലിന്യ നീക്കവും സംസ്‌കരണവും നിരീക്ഷിക്കാൻ മൂന്ന് മേഖലകളായി തിരിച്ച് ഹൈക്കോടതി പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി. കോടതിയെ സഹായിക്കാൻ മൂന്ന് അമിക്കസ്‌ക്യൂറിമാരേയും നിയമിച്ചിട്ടുണ്ട്. ബ്രഹ്മപുരം തീപ്പിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മാലിന്യ സംസ്‌കരണത്തിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകരുത്, മാലിന്യങ്ങൾ വഴിയിൽ ഉപേക്ഷിക്കുന്നവരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കണം, സ്ഥാപനങ്ങൾ വീഴ്ചവരുത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യണം തുടങ്ങി കർശന നിർദ്ദേശങ്ങളാണ് കോടതി നൽകിയിട്ടുള്ളത്. ഇക്കാര്യത്തിൽ മറ്റ് സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടാൽ പോലീസിനെ കൂടി വിഷയത്തിൽ ഇടപെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.

എറണാകുളത്തിനും തൃശ്ശൂരിനുമായി പൊതുവായ ഒരു നിരീക്ഷണ സംവിധാനവും എറണാകുളത്തിന് തെക്കോട്ടുള്ള ജില്ലകൾ, തൃശ്ശൂരിന് വടക്കോട്ടുള്ള ജില്ലകൾ എന്നിങ്ങനെ മേഖല തിരിച്ച് മറ്റു രണ്ട് നിരീക്ഷണ സംവിധാനങ്ങളും ഹൈക്കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പൊതുവായ മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് അറിയിക്കാൻ സർക്കാരിന് കോടതി സമയം അനുവദിച്ചു. അടുത്ത മാസം മൂന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ എല്ലാത്തിനും വ്യക്തത വേണമെന്നാണ് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.