പോപ്പുലര്‍ ഫ്രണ്ട് നിരോധനം യുഎപിഎ ട്രിബ്യൂണല്‍ ശരിവെച്ചു

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ 5 വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയ നിരോധനം യുഎപിഎ ട്രിബ്യൂണല്‍ ശരിവെച്ചു. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്തായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പു പ്രകാരം 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) 8 അനുബന്ധ സംഘടനകളെയും സര്‍ക്കാര്‍ നിരോധിച്ചത്. തുടര്‍ന്ന് കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫിസുകള്‍ പൂട്ടി മുദ്ര വയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷനല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ), നാഷനല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, കേരളത്തിലെ എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ ആന്‍ഡ് റിഹാബ് ഓര്‍ഗനൈസേഷന്‍ എന്നിവയാണ് നിരോധിച്ചത്.

അതേസമയം, രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാനും ജനാധിപത്യം ഇല്ലാതാക്കാനും ഗൂഢാലോചന നടത്തിയെന്ന കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളും പ്രവര്‍ത്തകരുമായ 59 പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമിക കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു. 2047ല്‍ ഇന്ത്യയിലെ ജനാധിപത്യം അവസാനിപ്പിച്ചു മതാധിഷ്ഠിത രാഷ്ട്രം നിര്‍മ്മിക്കണമെന്ന വിപുലമായ ഗൂഢാലോചനയുടെ ഭാഗമായ പ്രതികള്‍ അതിനായി യുവാക്കളെ തിരഞ്ഞെടുത്ത് ആയുധപരിശീലനം നടത്തി, പദ്ധതി നടപ്പിലാക്കാനുള്ള പണപ്പിരിവു നടത്തി, ഇതരവിഭാഗങ്ങളിലെ ഉന്നതരായ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് എന്‍ഐഎ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമം, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ), ആയുധ നിരോധന നിയമം എന്നിവയുടെ വിവിധ വകുപ്പുകളാണു ഇവര്‍ക്കെതിരെ ചുമത്തിയത്. സംഘടനയുടെ കേരളത്തിലെ മുന്‍നിര നേതാക്കളായ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം യഹിയ കോയ തങ്ങള്‍, എറണാകുളം മേഖലാ സെക്രട്ടറി എം.എച്ച്.ഷിഹാസ്, എസ്ഡിപിഐ ജില്ലാ ഭാരവാഹികളായ ടി.എസ്.സൈനുദീന്‍, എ.പി.സാദിഖ്, സി.ടി.സുലൈമാന്‍, പി,കെ.ഉസ്മാന്‍ എന്നിവര്‍ എറണാകുളം പ്രത്യേക കോടതിയില്‍ ഫയല്‍ ചെയ്ത കുറ്റപത്രത്തിലും പിഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഖാലിദ് മുഹമ്മദ് ചെന്നൈയില്‍ ഫയല്‍ ചെയ്ത കുറ്റപത്രത്തിലും പ്രതികളാണ്.