സംസ്ഥാന സെക്രട്ടേറിയേറ്റിൽ ആക്‌സസ് കൺട്രോൾ സംവിധാനം നടപ്പാക്കും; തീരുമാനം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഏപ്രിൽ ഒന്നാം തീയതി മുതൽ ആക്‌സസ് കൺട്രോൾ സംവിധാനം നടപ്പാക്കും. പൊതു ഭരണ സെക്രട്ടറി ജ്യോതി ലാലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിറക്കിയത്. ഉദ്യോഗസ്ഥർ ജോലിയിൽ ഉഴപ്പുന്നത് തടയാനായി നേരത്തെ പഞ്ചിംഗ് സംവിധാനം കൊണ്ടുവന്നിരുന്നു. ഇത് ഫലപ്രദമാകാതെ വന്നതോടെയാണ് ആക്സസ് കൺട്രോൺ സംവിധാനം നടപ്പാക്കുന്നത്.

പഞ്ച് ചെയ്ത ശേഷവും ജീവനക്കാർ ജോലി സ്ഥലം വിട്ട് പുറത്ത് പോകുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഇത് തടയാനാണ് ആക്‌സസ് കൺട്രോൾ കൊണ്ടു വരുന്നത്. പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭമായ ആദ്യത്തെ രണ്ട് മാസം പരീക്ഷണ അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കും. ഫലപ്രദമാകുമെന്ന് കണ്ടാൽ പിന്നീട് പദ്ധതി ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കും. പദ്ധതി നടപ്പിലാകുന്നതോടെ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കൈവശമുള്ള ആക്‌സസ് കാർഡ് ഉപയോഗിച്ചാലേ ഓഫീസിന് അകത്തേക്കും പുറത്തേക്കും കടക്കാൻ കഴിയൂ. ഓരോ ഉദ്യോഗസ്ഥനും നൽകുന്നത് വ്യത്യസ്ത കാർഡായതിനാൽ പോകുന്ന സമയവും തിരിച്ച് കയറുന്ന സമയവും കൃത്യമായി ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തും.