കോഴിക്കോട്: യുഡിഎഫ് കൺവെൻഷൻ വേദിയിൽ ഒരു വനിത പോലും ഇല്ലാതിരുന്നതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനസംഖ്യയിൽ അമ്പത് ശതമാനത്തിലധികവും സ്ത്രീകളാണെന്നും എന്നാൽ, സ്ത്രീകളില്ലാത്ത വേദി ഭയം ജനിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മുക്കത്ത് യുഡിഎഫ് സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് അമ്പത് ശതമാനത്തിലധികവും സ്ത്രീകളാണ്. അത്രയും വേണമെന്ന് ഞാൻ പറയില്ല. പക്ഷേ പത്തോ പതിനഞ്ചോ ശതമാനമെങ്കിലും സ്ത്രീകൾക്ക് ഈ വേദിയിൽ അവസരം നൽകണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വയനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന ‘കൈത്താങ്ങ്’ പദ്ധതിയിലൂടെ നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന്റെ വീഡിയോ വേദിയിൽ ഒരുക്കിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു. പ്രസംഗിക്കുന്നതിനിടെ വീഡിയോ കാണാനായി പിന്നിലേയ്ക്ക് തിരിഞ്ഞപ്പോഴാണ് വേദിയിൽ സ്ത്രീ പ്രാതിനിധ്യമില്ലെന്ന കാര്യം രാഹുൽ ഗാന്ധി മനസിലാക്കിയത്. ഇരുപതോളം പേരാണ് ആ സനയത്ത് വേദിയിൽ ഉണ്ടായിരുന്നത്. ഇവരുടെ കൂട്ടത്തിൽ സ്ത്രീ പ്രാതിനിധ്യം ഇല്ലാത്തതിനെ കുറിച്ചാണ് രാഹുൽ സംസാരിച്ചത്. പരാമർശത്തിന് പിന്നാലെ സദസ്സിലിരുന്ന വനിതാ പ്രവർത്തകർ കൈയടിച്ചും ജയ് വിളിച്ചും രാഹുൽ ഗാന്ധിക്ക് പിന്തുണ അറിയിച്ചു.

