സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരായ ഗൂഢാലോചന കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

കണ്ണൂര്‍: സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരായി കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. കണ്ണൂര്‍ സിറ്റി എസിപി രത്നകുമാര്‍, തളിപ്പറമ്പ് ഡിവൈഎസ്പി എംപി വിനോദ്, തളിപ്പറമ്പ് വനിതാ സെല്‍ എസ്ഐ ഖദീജ അടക്കമുള്ളവരാണ് അന്വേഷണ സംഘത്തിലുള്ളത്. സൈബര്‍ വിദഗ്ധരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ സ്വപ്ന സുരേഷ് അപകീര്‍ത്തികരവും വസ്തുതാ വിരുദ്ധവുമായ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ പരാതികള്‍ പിന്‍വലിക്കാന്‍ എം വി ഗോവിന്ദന്റെ ദൂതനായി വിജേഷ് പിള്ള തന്നെ വന്ന് കണ്ടുവെന്നും പ്രതിഫലമായി 30 കോടി വാഗ്ദാനം ചെയ്തുവെന്നുമാണ് സ്വപ്ന ആരോപിച്ചത്. അനുസരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എം വി ഗോവിന്ദന് വേണ്ടി വിജേഷ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചു. എന്നാല്‍, ഇത്തരം ആരോപണം ഉന്നയിച്ചത് അത്യന്തം സംശയകരമാണ്. സത്യവിരുദ്ധവും കുടിലവുമായ ഈ ആരോപണത്തിന് പിന്നില്‍ ചില സമൂഹ വിരുദ്ധ ശക്തികളുടെ വന്‍ ഗൂഢാലോചനയും സംശയിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സന്തോഷ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, വിജേഷ് പിള്ള സ്വപ്നക്ക് എതിരെ നല്‍കിയ പരാതിയും പ്രത്യേക സംഘത്തിന് കൈമാറും. സ്വപ്ന ബ്ലാക് മെയില്‍ ചെയ്യുകയാണെന്നാണ് വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ പറയുന്നത്.