കൊച്ചി: സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനായി ദേവികുളം എം.എല്‍.എ എ. രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ വിധി 10 ദിവസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. പത്ത് ദിവസത്തിനകം രാജ സുപ്രീംകോടതിയെ സമീപിക്കണം.
അതേസമയം, രാജയ്ക്ക് എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ വോട്ടിങ്ങില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടാകില്ലെന്നും നിയമസഭാംഗമെന്ന നിലയില്‍ മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്നും ഇടക്കാല ഉത്തരവില്‍ കോടതി അറിയിച്ചു. ക്രിസ്തുമതവിശ്വാസിയായ രാജയ്ക്ക് സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന യു.ഡി.എഫിലെ ഡി. കുമാര്‍ നല്‍കിയ ഹര്‍ജി വിലയിരുത്തിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി എംഎല്‍എയുടെ നിയമസഭാംഗത്വം റദ്ദാക്കിയിരുന്നത്.
ഹിന്ദു പറയന്‍ സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് രാജ മത്സരിച്ചത്. എന്നാല്‍, രാജ വളരെ മുമ്പ് ക്രിസ്തുമതത്തിലക്ക് മാറിയതാണെന്നും ആ വിശ്വാസമാണ് പിന്തുടരുന്നതെന്നും വിലയിരുത്തിയായിരുന്നു കോടതി നടപടി.

