ജനങ്ങൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി; വാഗ്ദാനവുമായി കോൺഗ്രസ്

ബംഗളൂരു: കർണാടകയിലെ ജനങ്ങൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്ത് കോൺഗ്രസ്. ബെലഗാവിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കൾക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് 1500 രൂപയും പ്രതിമാസം വേതനം നൽകുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു.

യുവനിധി എന്ന പേരിലാണ് തൊഴിൽരഹിതരായ യുവാക്കൾക്ക് സഹായധനം നൽകുക. അധികാരത്തിലെത്തിയാൽ ഉടൻതന്നെ പദ്ധതി പ്രാവർത്തികമാക്കുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം. അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തേക്ക് ഇത്തരത്തിൽ വേതനം നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു.

അതേസമയം, കർണാടകയിൽ തൊഴിൽ രഹിതരായ 10 ലക്ഷം യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ കോൺഗ്രസ് ഉറപ്പ് നൽകുന്നുവെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.