മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെയും രാഷ്ട്രീയ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കറെന്ന് പി.സി ജോര്‍ജ്‌

കോട്ടയം: കര്‍ഷകരുടെ മാനസിക വിഷമങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടും കണ്ടാണ് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ബിജെപി അനുകൂല നിലപാട് പ്രകടിപ്പിച്ചതെന്ന് കേരള ജനപക്ഷം (സെക്കുലര്‍) ചെയര്‍മാന്‍ പി.സി ജോര്‍ജ് പറഞ്ഞു. ഇടതു സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ 17 അംഗങ്ങളുള്ള ടീമാണ് കേരളം ഭരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ നിഴലും മാര്‍ഗദര്‍ശിയുമാണ് ഫാരിസ് അബൂബക്കറെന്ന് നേരത്തെ പി.സി ജോര്‍ജ് ആരോപിച്ചിരുന്നു. ‘കഴിഞ്ഞ ആറു വര്‍ഷമായി ഫാരിസ് അബൂബക്കര്‍ നിഴല്‍ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. പിണറായിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണത്തിന്റെ തലേന്നും ഫാരിസ് അബൂബക്കര്‍ വീട്ടിലെത്തിയിരുന്നു. 2009ല്‍ കോഴിക്കോട് സീറ്റ് വീരേന്ദ്രകുമാറില്‍ നിന്ന് പിടിച്ചെടുത്തത് ഫാരിസിന്റെ നിര്‍ദേശപ്രകാരമാണ്. അന്ന് അവിടെ മത്സരിച്ചത് മുഹമ്മദ് റിയാസാണ്. പെയ്‌മെന്റ് സീറ്റ് എന്ന് അന്നേ ആരോപണമുണ്ടായിരുന്നു. 2012 മുതല്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെയും രാഷ്ട്രീയ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കറാണ്’- പി.സി പറഞ്ഞിരുന്നു.

അതേസമയം, സോളാര്‍ കേസിലെ പ്രതി നല്‍കിയ പീഡന പരാതിയില്‍ അറസ്റ്റിലായ പി സി ജോര്‍ജ് കോടതിയില്‍നിന്നു ജാമ്യം നേടി പുറത്തിറങ്ങിയശേഷമാണ് അന്ന് ഈ ആരോപണങ്ങളുന്നയിച്ചത്.