കെബി ഗണേഷ് കുമാറിന്റെ ഇടപെടൽ; ഇന്നസെന്റിനെ പരിശോധിക്കുവാൻ വേണ്ടി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നടൻ ഇന്നസെന്റിനെ പരിശോധിക്കുവാൻ വേണ്ടി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെഫ്കയുടെ അഭ്യർത്ഥനയിൽ കെ ബി ഗണേഷ് കുമാർ നടത്തിയ ഇടപെടലിനെ തുടർന്നാണ് നടപടി.

ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്നാണ് വിവരം. ആലപ്പുഴ, തിരുവനന്തപുരം കോട്ടയം മെഡിക്കൽ കോളേജുകളിലെയും തിരുവനന്തപുരം ആർസിസിയിലെയും വിദഗ്ധ ഡോക്ടർമാരാണ് മുഖ്യമന്ത്രി നിയോഗിച്ച പ്രത്യേക സംഘത്തിൽ ഉള്ളത്.

ന്യൂമോണിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇന്നസെന്റിന് ഉള്ളത്. കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. നിലവിൽ അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം.

ഇന്നസെന്റിന് മൂന്ന് തവണ കോവിഡ് ബാധിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ രോഗപ്രതിരോധശേഷിയിൽ കുറവ് വരുത്തിയിട്ടുണ്ട്. ഇത് ന്യൂമോണിയ കൂടുതൽ വഷളാകാൻ കാരണമായി. ശ്വാസകോശത്തിന്റെ പ്രവർത്തനത്തെയും ന്യൂമോണിയ ബാധിച്ചു. ക്യാൻസർ ബാധിച്ച വ്യക്തി കൂടിയായതിനാൽ അദ്ദേഹത്തിന് കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ്.

അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യ നില ഉടൻതന്നെ മെച്ചപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രോഗത്തെ അതിജീവിച്ച് വീണ്ടും അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തും എന്നാണ് ബന്ധുക്കളും ആരാധകരും കരുതുന്നത്.