ഒരു ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് അനുവദിച്ച് റിസര്‍വ് ബാങ്ക്‌

പണലഭ്യത ഉറപ്പാക്കാന്‍ ഒരു ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് അനുവദിച്ച് റിസര്‍വ് ബാങ്ക്. ബാങ്കുകളുടെ കടമെടുപ്പ് ചെലവില്‍ കാര്യമായ വര്‍ധനവുമുണ്ടായ സാഹചര്യത്തിലാണ് ആര്‍ബിഐയുടെ അടിയന്തര ഇടപെടല്‍. കോര്‍പറേറ്റ് മുന്‍കൂര്‍ നികുതി അടയ്‌ക്കേണ്ട സമയമായതിനാല്‍ ബാങ്കുകളില്‍നിന്ന് വന്‍തോതില്‍ പണം പിന്‍ലവിക്കപ്പെട്ടതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

അതേസമയം, മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി(എംഎസ്എഫ്), സ്റ്റാന്‍ഡിങ് ലിക്വിഡിറ്റി ഫെസിലിറ്റി(എസ്എല്‍എഫ്), വേരിയബിള്‍ റേറ്റ് റിപ്പോ ഓപ്പറേഷന്‍ എന്നിവ വഴി 1,10,772 കോടി രൂപയാണ് മാര്‍ച്ച് 16ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് കൈമാറിയത്. വേരിയബിള്‍ റിപ്പോ ലേലത്തിലൂടെ 82,650 കോടി രൂപയാണ് ബാങ്കുകള്‍ കടമെടുത്തത്. എംഎസ്എഫ് വഴി 8,664 കോടിയും എസ്എല്‍എഫ് വഴി 17,239 കോടി രൂപയുമാണ് ബാങ്കുകളിലെത്തിയത്.

റിസര്‍വ് ബാങ്ക് മാര്‍ച്ച് 15നു മുമ്പ് പ്രതിദിനം ശരാശരി 51,925 കോടി രൂപയാണ് വിപണിയിലെ പണലഭ്യത നിയന്ത്രിച്ച് പണപ്പെരുപ്പം ചെറുക്കുന്നതിന് ബാങ്കിങ് സംവിധാനത്തില്‍ നിന്ന് ആര്‍ബിഐ പിന്‍വലിച്ചിരുന്നത്.
2022 മെയ് മുതലണ് ആര്‍ബിഐ അധിക പണം വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ തുടങ്ങിയത്.