ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ്; രാഷ്ട്രീയ നിക്ഷേപങ്ങൾ, റിയൽ എസ്റ്റേറ്റ്- കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച സൂചനകൾ ലഭിച്ചതായി റിപ്പോർട്ട്

കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. കൊച്ചി, കൊയിലാണ്ടി, ഡൽഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലുള്ള ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്. രാഷ്ട്രീയ ബന്ധങ്ങൾ, റിയൽ എസ്റ്റേറ്റ്- കള്ളപ്പണ ഇടപാടുകൾ തുടങ്ങിയ കണ്ടെത്തുന്നതിനായാണ് അന്വേഷണം നടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

കേരളത്തിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത് ആദായ നികുതി വകുപ്പിന്റെ ചെന്നൈ യൂണിറ്റാണ്. തിങ്കളാഴ്ച്ച രാവിലെ എട്ടുമണി മുതലാണ് പരിശോധന ആരംഭിച്ചത്. നിലം ഭൂമി വാങ്ങി നികത്തി വൻകിട ഗ്രൂപ്പുകൾക്ക് കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. വിദേശത്ത് വച്ച് ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് ഇൻകംടാക്‌സിന്റെ കണ്ടെത്തൽ.

ഫാരിസിന്റേതായി 92 റിയൽ എസ്റ്റേറ്റ് കമ്പനികൾ ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം നിക്ഷേപമായി എത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. കമ്പനികളിൽ രാഷ്ട്രീയ നിക്ഷേപമുണ്ടെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. അതേസമയം, ശോഭാ ഡവലപ്പേഴ്‌സിന്റെ ഓഫീസിലും സ്ഥാപനങ്ങളിലും ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഫാരിസുമായി നടത്തിയ ഇടപാടുകളുടെ പശ്ചാത്തലത്തിലാണ് നടപടി. തൃശൂരിലെ ഹെഡ് ഓഫീസിലാണ് പരിശോധന നടന്നത്.