ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു-ബുദ്ധ മതങ്ങളുടെ മത ചിഹ്നം; വാദവുമായി ലീഗ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു-ബുദ്ധ മതങ്ങളുടെ മത ചിഹ്നമാണെന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കി മുസ്ലിം ലീഗ്. മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്കെതിരേ നടപടിയാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് ലീഗ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

ബിജെപിയും ശിവസേനയും ശിരോമണി അകാലിദളും ഉൾപ്പെടെ 27 രാഷ്ട്രീയ പാർട്ടികളെക്കൂടി ഹർജിയിൽ കക്ഷി ചേർക്കണമെന്ന ആവശ്യവും ലീഗ് മുന്നോട്ടുവെച്ചു. മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനുമാണ് ലീഗിന് വേണ്ടി ഹാജരായത്. സമാനമായ ഹർജി ഡൽഹി ഹൈക്കോടതി നാളെ പരിഗണിക്കുന്നുണ്ട്. ഇതോടെ ഈ ഹർജിയുടെ വിവരങ്ങൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

മതചിഹ്നങ്ങൾ ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്ക് അനുവദിച്ച പേരുകളും ചിഹ്നവും റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. മെയ് മാസം ഹർജി വീണ്ടും കോടതി പരിഗണിക്കും. അതേസമയം, കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിക്കെതിരെ സുപ്രീംകോടതിയിൽ മുസ്ലിം ലീഗ് സത്യവാങ്മൂലം ഫയൽ ചെയ്തു. പാർട്ടിയുടെ പ്രവർത്തനം മതേതരമാണെന്നും കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികൾ തങ്ങൾക്കുണ്ടെന്നും സത്യവാങ്മൂലത്തിൽ ലീഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.