കേന്ദ്ര സർക്കാരിന്റെ നയങ്ങൾ; വീണ്ടും രാജ്യവ്യാപക പ്രക്ഷോഭം നടത്താനൊരുങ്ങി കർഷക സംഘടനകൾ

ന്യൂഡൽഹി: വീണ്ടും രാജ്യവ്യാപക പ്രക്ഷോഭം നടത്താനൊരുങ്ങി കർഷക സംഘടനകൾ. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെയാണ് കർഷക സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. തെക്കേ ഇന്ത്യ മുതൽ ഒരോ സംസ്ഥാനത്തും ഡൽഹി മഹാ പഞ്ചായത്ത് പ്രക്ഷോഭം നടത്തുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.

ഡൽഹി രാം ലീലാ മൈതാനിയിൽ തിങ്കളാഴ്ച്ച സംയുക്ത കിസാൻ മോർച്ചയുടെ കിസാൻ മഹാ പഞ്ചായത്ത് ചേർന്നിരുന്നു. ഈ യോഗത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ലക്ഷക്കണക്കിന് കർഷകർ കിസാൻ മഹാ പഞ്ചായത്തിൽ പങ്കാളികളായി. 2021 ൽ നടത്തിയ കർഷക സമരത്തെ തുടർന്ന് സർക്കാർ എഴുതി നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാണ് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെടുന്നത്.

താങ്ങ് വില, വിവാദ കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്ത കർഷകർക്കെതിരായ കേസുകൾ പിൻവലിക്കൽ, വൈദ്യുതി നിയമ ഭേദഗതി ബില്ല് പിൻവലിക്കൽ, കർഷക സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്കുള്ള ധന സഹായം, കാർഷിക കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ടുവെയ്ക്കുന്നത്.