പത്ത് ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകും; ഡൽഹി പോലീസിന് മറുപടിയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹി പോലീസിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്ത് ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകുമെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. പീഡനത്തിനിരയായ പെൺകുട്ടികൾ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് കണ്ട് അറിയിച്ചുവെന്ന കശ്മീരിലെ പ്രസംഗത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ഡൽഹി പോലീസ് രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് നൽകിയത്.

ഏതെങ്കിലും ഭരണകക്ഷി നേതാക്കൾ സമാനമായ ഒരു യാത്ര നടത്തി ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ പിന്നാലെ പോകുമായിരുന്നോയെന്നും രാഹുൽ ഗാന്ധി പോലീസിനോട് ചോദിച്ചു. ജനുവരി മുപ്പതിന് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലെ പ്രസംഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് ഡൽഹി പോലീസ് നോട്ടീസ് നൽകാനുണ്ടായ കാരണം.

അതേസമയം, ഇന്ന് രാവിലെ പത്തരയോടെ തുഗ്ലക്ക് റോഡിലെ രാഹുലിന്റെ വസതി പൊലീസ് വളഞ്ഞിരുന്നു. പ്രസംഗത്തിൽ പറഞ്ഞ സ്ത്രീകളുടെ വിശദാംശങ്ങൾ, സംഭവം നടന്നത് എപ്പോഴാണ് അവരെ പീഡിപ്പിച്ചവർക്കെതിരെ കേസ് എടുത്തോ തുടങ്ങിയ കാര്യങ്ങൾ ചോദിച്ചു കൊണ്ടുള്ള ചോദ്യാവലിയും രാഹുൽ ഗാന്ധിയ്ക്ക് നൽകിയിരുന്നു.