യുഡിഎഫ് യോഗം എല്ലാ മാസവും ചേരുന്നുണ്ട്; യുഡിഎഫ് യോഗത്തിലാണ് ആർഎസ്പി സംസ്ഥാന സെക്രട്ടറി മുന്നണിക്കെതിരായ വിമർശനങ്ങൾ പറയേണ്ടതെന്ന് വി ഡി സതീശൻ

കൊച്ചി: ഷിബു ബേബി ജോണിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് കുറെക്കൂടി കാര്യക്ഷമമാകണമെന്നും പ്രക്ഷോഭകാര്യങ്ങളിൽ വീഴ്ച സംഭവിക്കുന്നു എന്നുമുള്ള വിമർശനങ്ങൾക്ക് മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്.

യുഡിഎഫ് യോഗത്തിലാണ് ആർഎസ്പി സംസ്ഥാന സെക്രട്ടറി മുന്നണിക്കെതിരായ വിമർശനങ്ങൾ പറയേണ്ടതെന്നും അല്ലാതെ മാദ്ധ്യമങ്ങൾക്ക് മുന്നിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് യോഗം എല്ലാ മാസവും ചേരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സങ്കീർണ്ണമായ വിഷയങ്ങൾ നടക്കുമ്പോൾ യുഡിഎഫ് ജാഗ്രതയോടെ ഇരിക്കണമെന്നും മാസത്തിൽ ഒരിക്കലെങ്കിലും യുഡിഎഫ് യോഗം ചേരണമെന്നുമായിരുന്നു ഷിബു ബേബി ജോൺ വ്യക്തമാക്കിയത്. മുന്നണിയെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ആർഎസ്പിക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പ്രക്ഷോഭത്തിന്റെ കാര്യങ്ങളിൽ യുഡിഎഫിന് വീഴ്ചകൾ സംഭവിക്കുന്നുണ്ട്. ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും യുഡിഎഫ് യോഗം കൂടിയിട്ടില്ല. മുൻകാലങ്ങളിലെ രീതി ഇതായിരുന്നില്ല. അടുത്ത യുഡിഎഫ് യോഗത്തിൽ ഇക്കാര്യങ്ങൾ അറിയിക്കുമെന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആരോപണങ്ങൾക്കുള്ള മറുപടിയുമായാണ് ഷിബു ബേബി ജോൺ രംഗത്തെത്തിയത്.