ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സ്ഥാപിച്ചിരുന്ന ത്രിവർണ പതാക ഖലിസ്ഥാൻ അനുകൂലികൾ വലിച്ചെറിഞ്ഞു; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സ്ഥാപിച്ചിരുന്ന ത്രിവർണ പതാക ഖലിസ്ഥാൻ അനുകൂലികൾ വലിച്ചെറിഞ്ഞു. വിഘടനവാദി അമൃത്പാൽ സിംഗിനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഖലിസ്ഥാൻ അനുകൂലികളുടെ നടപടി. സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. യു.കെയുടെ സുരക്ഷാ വീഴ്ചയിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ടുവെച്ചു.

അമൃത്പാലിനെതിരെയുള്ള പഞ്ചാബ് പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ലണ്ടനിൽ ഖലിസ്ഥാൻ അനുകൂലികൾ സംഘടിച്ച് പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്ത്യൻ ഹൈക്കമ്മീഷനിലെ പതാക അഴിച്ചു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമം വഴി പുറത്തുവന്നിട്ടുള്ളത്. ഇന്ത്യൻ ഹൈക്കമ്മീഷൻ കെട്ടിടത്തിൽ പ്രതിഷേധക്കാർ കടന്നു കൂടിയത് യുകെയുടെ ഭാഗത്ത് നിന്നുണ്ടായ കനത്ത സുരക്ഷാ വീഴ്ചയാണെന്നും വിയന്ന കരാറിന്റെ ലംഘനമാണെന്നും ഇന്ത്യ വ്യക്തമാക്കി.

അതേസമയം, ഹൈക്കമ്മീഷൻ കെട്ടിടത്തിനും നയതതന്ത്ര ഉദ്യോഗസ്ഥർക്കും ആവശ്യമായ സുരക്ഷ ഒരുക്കാത്തതിലും ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി. പ്രതികളെ എത്രയും വേഗം കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.