ക്ലീൻ പൊളിറ്റിക്‌സേ ചെയ്യൂവെന്ന ഉറപ്പെടുത്താണ് രാഷ്ട്രീയത്തിലേക്ക് വന്നത്; നിലവിലെ രാഷ്ട്രീയക്കാരെ പോലെ പെരുമാറാൻ താൽപര്യമില്ലെന്ന് അണ്ണാമലൈ

ചെന്നൈ: ക്ലീൻ പൊളിറ്റിക്‌സേ ചെയ്യൂവെന്ന ഉറപ്പെടുത്താണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. നിലവിലെ രാഷ്ട്രീയക്കാരെ പോലെ പെരുമാറാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് നടക്കുന്ന രാഷ്ട്രീയത്തിൽ പണത്തിൻറെ അതിപ്രസരം മാത്രമാണ് കാണാൻ കഴിയുന്നതെന്ന് അദ്ദേഹം വിമർശിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് കാലത്ത് അടക്കം പണത്തിന് തമിഴ്‌നാട്ടിൽ വളരെ അധികം സ്വാധീനമുണ്ട്. ഇത്തരം പണം കേന്ദ്രീകൃതമായ രാഷ്ട്രീയത്തിൽ മനം മടുത്തു. പണം നൽകാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അത്തരത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ തനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗരാഷ്ട്ര തമിഴ് സംഗമം എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പണത്തിനുള്ള സ്വാധീനം സഹിക്കാൻ കഴിയുന്നതിനും അപ്പുറത്താണ്. ദശാബ്ദങ്ങളായി സർക്കാരുകൾ മുന്നോട്ട് പോവുന്നത് വോട്ടർമാർക്ക് പണം കൊടുത്തും സമ്മാനങ്ങൾ നൽകിയുമാണ്. പാർലമെന്റ് സീറ്റിലേക്ക് മത്സരിക്കാൻ 80 കോടി മുതൽ 120 കോടി വരെ ചെലവിടേണ്ട അവസ്ഥയാണ്. അരുവാൻകുറിച്ചിയിൽ തെരഞ്ഞെടുപ്പ് തോറ്റതോടെ നഷ്ടമായത് ഒൻപത് വർഷത്തെ സമ്പാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.