ഒടിടി പ്ലാറ്റ്‌ഫോമുകളിൽ അശ്ലീലതയും അസഭ്യതയും വർധിക്കുന്നു; ആവശ്യമെങ്കിൽ നിലവിലെ ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകളിൽ അശ്ലീലതയും അസഭ്യതയും വർധിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ സംസ്‌കാര ശൂന്യത അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ നിലവിലെ ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർഗ്ഗാത്മകതയുടെ പേരിലുള്ള അസഭ്യത ഒരിക്കലും വച്ചുപൊറുപ്പിക്കില്ല. സഭ്യമല്ലാത്തതും അശ്ലീലം നിറഞ്ഞതുമായ ഉള്ളടക്കം ഓടിടി പ്ലാറ്റ്‌ഫോമുകളിൽ കൂടി വരികയാണ്. ഈ പരാതി ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഇതു സംബന്ധിച്ച ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് മന്ത്രാലയം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു പരിധി കടക്കുമ്പോൾ, സർഗ്ഗാത്മകതയുടെ പേരിലുള്ള അസഭ്യത അംഗീകരിക്കാൻ കഴിയില്ല. സർഗ്ഗാത്മകതയ്ക്കാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് സ്വാതന്ത്ര്യം നൽകിയത്. അല്ലാതെ അശ്ലീലമോ അസഭ്യതയോ പ്രദർശിപ്പിക്കാനല്ല. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.