സംവരണ സീറ്റിൽ മത്സരിക്കാൻ എ രാജയ്ക്ക് യോഗ്യതയില്ല; ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സംവരണ സീറ്റിൽ മത്സരിക്കാൻ സിപിഎം എംഎൽഎ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. രാജ പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആളല്ലെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

യുഡിഎഫ് സ്ഥാനാർഥി ഡി കുമാർ ആണ് ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് രാജ ഹാജരാക്കിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ പരിവർത്തന ക്രൈസ്തവ വിഭാഗത്തിലെ അംഗമാണെന്നാണ് അയോഗ്യതയായി പറയുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയെങ്കിലും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന കോൺഗ്രസ് സ്ഥാനാർഥി ഡി കുമാറിന്റെ ആവശ്യം കോടതി തള്ളി.

2021 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 7848 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എ രാജ വിജയിച്ചിരുന്നത്. ധാർമികതയുടെ വിജയമാണിതെന്നാണ് കോൺഗ്രസ് നേതൃത്വം ഹൈക്കോടതി വിധിയോട് പ്രതികരിച്ചത്.