കോഴിക്കോട്: മലപ്പുറത്തെ മുസ്ലിം ലീഗ് എം.എൽ.എയുമായി ചർച്ച നടത്തിയെന്ന ആർ.എസ്.എസിന്റെ വെളിപ്പെടുത്തൽ ശരിവെച്ച് പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. മുസ്ലിം ലീഗിനെ ഇടത് പാളയത്തിലെത്തിക്കുകയാണ് ആർ.എസ്.എസ്. ലക്ഷ്യമെന്നും ഇതിന് വേണ്ടിയാണ് മലപ്പുറത്തെ ലീഗ് എം.എൽ.എയും ആർ.എസ്.എസ്. നേതൃത്വവും ചർച്ച നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എം.എൽ.എ ചർച്ചക്ക് പോയത് കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായാണ്. കുഞ്ഞാലിക്കുട്ടിക്ക് ബിജെപിയുമായി രഹസ്യ ചങ്ങാത്തമാണ്. എൻഫോഴ്‌സ്‌മെന്റിനെ പേടിച്ച് ബിജെപിയേയും വിജിലൻസിനെ പേടിച്ച് പിണറായിയേയും കുഞ്ഞാലിക്കുട്ടി വിമർശിക്കില്ല. സാദിഖലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുഞ്ഞാലിക്കുട്ടി ബിജെപിയും സിപിഎമ്മുമായി ഒത്തുതീർപ്പുണ്ടാക്കുന്നു. അധികാര മോഹവും കള്ളപ്പണ ഇടപാടും ഹൈദരലി തങ്ങളെ ഇഡി ചോദ്യം ചെയ്തതും പാർട്ടി യോഗത്തിൽ ചോദ്യം ചെയ്തു. ഇതിന്റെ പ്രതികാരമായാണ് തന്നെ പുറത്താക്കിയതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഹംസ അറിയിച്ചു.

