ന്യൂഡല്‍ഹി: പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ട് പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ വിവരങ്ങള്‍ തേടാന്‍ രാഹുലിന്റെ വസതിയില്‍ ഡല്‍ഹി പൊലീസ് എത്തി. മൊഴി നല്‍കാന്‍ രാഹുലിന് പൊലീസ് മാര്‍ച്ച് 15ന് നോട്ടീസയച്ചിരുന്നു. എന്നാല്‍, നോട്ടീസിന് രാഹുല്‍ മറുപടി നല്‍കിയിരുന്നില്ല. വീണ്ടും അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയപ്പോഴാണ് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും, എന്നാല്‍ തങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും രാഹുല്‍ പ്രസംഗിച്ചത്.
അതിനിടെ, 45 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി പൊലീസ് വിവരങ്ങള്‍ തേടി എത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ‘രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്തി വിവരങ്ങള്‍ തേടാനാണ് പോലീസ് ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണ്. അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ മോഡിക്ക് വേദനിച്ചു. അതിന്റെ തെളിവാണ് പോലീസ് നടപടി. അദാനി വിഷയത്തില്‍ പാര്‍ലിമെന്‍രില്‍ സംസാരിച്ചതാണ് പ്രകോപനം. മോദിക്ക് അസ്വസ്ഥതയും, ദേഷ്യവുമാണ്. മോദി തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്’- കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചൂണ്ടിക്കാട്ടി.

