‘നരേന്ദ്രമോദി സര്‍ക്കാരിലുള്ള വിശ്വാസമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്’: കെ. സുരേന്ദ്രന്‍

കൊച്ചി: റബര്‍ വില കൂട്ടിയാല്‍ ബിജെപിയെ പിന്തുണക്കാമെന്ന തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

സുരേന്ദ്രന്റെ വാക്കുകള്‍

‘മാറ്റത്തിന്റെ സൂചനയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. കര്‍ഷകരെ ഉപയോഗിച്ച് അധികാരസ്ഥാനങ്ങള്‍ നേടിയ കോണ്‍ഗ്രസ്- സിപിഎം മുന്നണികള്‍ കര്‍ഷകരെ വഞ്ചിച്ചു. നരേന്ദ്രമോദി സര്‍ക്കാരിലുള്ള വിശ്വാസമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. മോദി സര്‍ക്കാര്‍ ഘട്ടംഘട്ടമായി റബര്‍ വില കൂട്ടുകയാണ്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്കു വേണ്ടി ഒന്നും ചെയ്തില്ല. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുന്ന നിലപാട് ശക്തിപ്പെടുത്തും. അതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. കേരളത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അത്താണി മോദി സര്‍ക്കാര്‍ മാത്രമാണ്. മോദിയെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ കേരളത്തിലും വരണം. എന്നാല്‍ മാത്രമേ കേരളത്തിലുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വികസനം പൂര്‍ണമായും ലഭ്യമാവുകയുള്ളൂ. ബിഷപ്പിന്റെ പ്രസ്താവനയോടുള്ള ഗോവിന്ദന്റെ മറുപടി രാഷ്ട്രീയ വിദ്വേഷം മാത്രമാണ്. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നതിനു പകരം അസഹിഷ്ണുത കാണിക്കുകയാണ് ഗോവിന്ദന്‍. കേരളത്തിലും എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന നരേന്ദ്ര മോദിയുടെ വാക്കുകള്‍ എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കുകയാണ്. ഇതു മനസിലാക്കി തെറ്റായ പ്രചരണം നടത്തുകയാണ് ഇടതുപക്ഷവും കോണ്‍ഗ്രസും. ഇത് കേരളത്തിലെ ക്രൈസ്തവ സമൂഹം തള്ളിക്കളഞ്ഞതു നല്ല കാര്യമാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ വിശ്വാസി സമൂഹം സന്തുഷ്ടരാണ്. വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലും പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.’