വാട്‌സ്ആപ്പില്‍ ഇനി തനിയെ ഡിലീറ്റായി പോകുന്ന ഗ്രൂപ്പുകളും

തനിയെ ഡിലീറ്റായി പോകുന്ന മെസേജുകള്‍ പോലെ തന്നെ താത്കാലികമായി ഒരു ഗ്രൂപ്പ് നിര്‍മിക്കാന്‍ സാധിക്കുമെന്നതാണ് വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പ്രത്യേകത. ഗ്രൂപ്പ് ആരംഭിക്കുമ്‌ബോള്‍ തന്നെ അഡ്മിന്‍ ഒരു പ്രത്യേക തീയതി ക്രമീകരിച്ചാല്‍ ആ തീയതി അവസാനിക്കുമ്‌ബോള്‍ ആപ്പില്‍ നിന്നും ഗ്രൂപ്പ് ഇല്ലാതാകുന്നു. വാട്സ്ആപ്പ് കമ്മ്യൂണിറ്റി ബ്ലോഗായ ഡബ്യൂഎ ബീറ്റഇന്‍ഫോ ആണ് ആപ്പിന്റെ പുതിയ മാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയത്.

ജോലി സ്ഥലങ്ങളിലെ ചെറിയ കാലയളവിലുള്ള പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഏറ്റവും ഉപകാരപ്രദമാകും പുത്തന്‍ ഫീച്ചര്‍. മാത്രമല്ല, ബാച്ചിലര്‍ പാര്‍ട്ടി, ബേബി ഷവര്‍, ട്രിപ്പുകള്‍, ഉല്ലാസവേളകള്‍ തുടങ്ങിയ പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഇത് ഉപകരിക്കുന്നു. നാല് ഓപ്ഷനാണ് ഇതിനായി വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം, ഒരു ആഴ്ച, ഇഷ്ടാനുസൃതമായി തെരഞ്ഞെടുക്കാവുന്ന തീയതി, കാലഹരണപ്പെടല്‍ തീയതി നീക്കം ചെയ്യുക തുടങ്ങിയവയാണ് നാല് ഓപ്ഷനുകള്‍. തീയതി കാലഹരണപ്പെട്ടാല്‍ ഗ്രൂപ്പ് തനിയെ മെസഞ്ചര്‍ ആപ്പില്‍ നിന്നും ഇല്ലാതാകുന്നു. ഉപയോക്താക്കള്‍ക്ക് തീയതിയില്‍ മാറ്റം വരുത്തണമെങ്കില്‍ അത് എഡിറ്റ് ചെയ്യുവാനുള്ള ഓപ്ഷനും ഉണ്ട്.