കണ്ണൂര്‍: റബര്‍ വില 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബിജെപിയെ സഹായിക്കാമെന്നാവര്ത്തിച്ച് തലശ്ശേരി ആര്‍ച് ബിഷപ്പ് ജോസഫ് പാംപ്ലാനി.
‘മലയോര കര്‍ഷകരുടെ വികാരമാണ് ഞാന്‍ പ്രകടിപ്പിച്ചത്. അത്രയ്ക്ക് ഗതികേടിലാണ് റബ്ബര്‍ കര്‍ഷകര്‍. പ്രസ്താവനക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോട് അകല്‍ച്ചയോ അയിത്തമോ ഇല്ല. അയിത്തമൊക്കെ കേരളത്തില്‍ നിന്നും പോയിട്ട് കാലം കുറേയായി. റബര്‍ കര്‍ഷകര്‍ക്ക് ഇടതു മുന്നണി സര്‍ക്കാര്‍ നല്കിയ വാഗ്ദാനം പാലിച്ചില്ല. റബര്‍വില ഇപ്പോഴും 120ല്‍ തന്നെ തുടരുകയാണ്. റബര്‍ കര്‍ഷകരെ സഹായിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ സഹായിക്കും. ഏകദേശം 15 ലക്ഷം കുടുംബങ്ങള്‍ കേരളത്തില്‍ റബറിനെ ഉപജീവിച്ച് കഴിയുന്നുണ്ട്. വിലക്കുറവ് മൂലം ഇവരുടെയെല്ലാം ഭാവി ഇരുളടഞ്ഞിരിക്കുകയാണ്. റബറിന്റെ വില കൂട്ടിയാല്‍ ബിജെപിക്ക് എംപിയില്ലെന്ന വിഷമം മലയോര ജനത പരിഹരിക്കുമെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്ക്കും. ബിജെപിയോട് സംസാരിക്കുന്നതില്‍ സഭക്കോ സഭാനേതൃത്വത്തിനോ യാതൊരു അകല്‍ച്ചയുമില്ല. ബിജെപിയെ പിന്തുണക്കുന്നതിന് യാതൊരു മടിയുമില്ല. മലയോര കര്‍ഷകരുടെ പൊതുവികാരമാണ് ഞാന്‍ പ്രകടിപ്പിച്ചത്. റബറിന്റെ വിലയുമായി ബന്ധപ്പെട്ട പ്രശ്നം നിസാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മാഷിന് തോന്നുണ്ടാവും, പക്ഷേ മലയോര കര്‍ഷകരെ സംബന്ധിച്ചിടത്തോളം അത് ചെറിയ പ്രശ്നമല്ല’- ബിഷപ്പ് ചൂണ്ടിക്കാട്ടി.
അതേസമയം, ‘റബ്ബറിന് വിലയില്ല, വിലത്തകര്‍ച്ചയാണ്. ആരാ ഉത്തരവാദി, ആരും ഉത്തരവാദികളല്ല. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ റബ്ബറിന്റെ വില 250 രൂപയാക്കാന്‍ കഴിയും. തിരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ല എന്ന സത്യമോര്‍ക്കുക. നമുക്ക് കേന്ദ്രസര്‍ക്കാരിനോട് പറയാം, നിങ്ങളുടെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങള്‍ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങള്‍ വില 300 രൂപയായി പ്രഖ്യാപിച്ച് കര്‍ഷകരില്‍ നിന്ന് റബ്ബര്‍ എടുക്കുക. നിങ്ങള്‍ക്ക് ഒരു എംപി. പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം’- എ്ന്നായിരുന്നു ബിഷപ്പ് ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

