തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യത; പ്രതിഷേധിക്കണമെന്ന് അണികളോട് ആഹ്വാനം ചെയ്ത് ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അണികളോട് ആഹ്വാനം ചെയ്ത് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോൺ താരത്തിന് പണം നൽകിയെന്ന ആരോപണത്തിൽ തന്നെ അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ട്രംപ് പറയുന്നത്. തന്നെ പിന്തുണക്കുന്നവരോട് ഇതിനെതിരെ പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ചൊവ്വാഴ്ച തന്റെ അറസ്റ്റുണ്ടായേക്കുമെന്നും ട്രംപ് അറിയിച്ചു. തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പരാമർശം. പോൺ താരം സ്റ്റോമി ഡാനിയൽസിന് 130,000 ഡോളർ നൽകിയ കേസിലാണ് മാൻഹട്ടൻ ജില്ലാ അറ്റോർണി ട്രംപിനെതിരെ അന്വേഷണം നടത്തുന്നത്. 2016 ലെ തിരഞ്ഞെടുപ്പിന് മുൻപാണ് ട്രംപ് പോൺ താരത്തിന് പണം നൽകിയത്.

സ്റ്റോമി ഡാനിയൽസ് ട്രംപിനെതിരെ ലൈംഗീകാരോപണമുന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പിനു മുൻപ് ഇത് ഒത്തുതീർക്കാൻ വേണ്ടിയാണ് പണം കൈമാറിയതെന്നാണ് ട്രംപിനെതിരെയുള്ള ആരോപണം.