കോണ്‍ഗ്രസ് പുനഃസംഘടന: എംപിമാരുമായി ഇന്ന് ചര്‍ച്ച

കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിയോജിപ്പ് പരസ്യമാക്കിയ കെ. മുരളീധരന്‍ എം. പി, എം. കെ രാഘവന്‍ എം.പി എന്നിവരുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. കെ എബ്രഹാം, പി. എം നിയാസ് എന്നിവര്‍ ഇന്ന് ചര്‍ച്ച നടത്തും.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് കൂടിയലോചന നടത്തിയില്ലെന്ന പരിഭവം എംപിമാര്‍ പങ്കുവെച്ചിരുന്നത് നേരത്തെ വിവാദമായിരുന്നു. അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രനുമായി കെ. പ്രവീണ്‍ കുമാര്‍ ബുധനാഴ്ച വൈകീട്ട് ആദ്യഘട്ട ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ മുല്ലപ്പള്ളിയുമായി വീണ്ടും ചര്‍ച്ച നടത്തി.

പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുല്ലപ്പള്ളിയും നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 35 ഭാരവാഹികളുടെ സ്ഥാനത്തേക്ക് 46 പേരുടെയും 26 ബ്ലോക്ക് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് 63 ആളുകളുടെയും പേരുകളാണ് പട്ടികയിലുള്ളത്.