ചെങ്ങന്നൂര്‍-പമ്ബ പാത 2025-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഇന്ത്യന്‍ റെയില്‍വേ

ആലപ്പുഴ: ചെങ്ങന്നൂര്‍-പമ്ബ പുതിയ റെയില്‍വേ പാത 2025-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ പാസഞ്ചര്‍ അമിനീറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്. ഇതിന് മുന്നോടിയായി 77 കിലോമീറ്റര്‍ ദൂരം വരുന്ന ചെങ്ങന്നൂര്‍ പമ്ബ റെയില്‍വേ പാതയുടെ സര്‍വേ ആരംഭിച്ചു.

17,000 കോടി രൂപ ചെലവഴിച്ച് ഇന്ത്യയിലെ പ്രധാന 52 റെയില്‍വേ സ്റ്റേഷനുകളില്‍ വിമാനത്താവളത്തിന് സമാനമായ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. രണ്ടാം ഘട്ടത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 300 കോടി രൂപ ചെലവഴിച്ചാണ് വികസന പ്രവര്‍ത്തനം നടത്തുന്നത്. ഇത് 2025-ല്‍ പൂര്‍ത്തിയാക്കും. റെയില്‍വേ പാതയുടെ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം പാത ഭൂമിയിലൂടെയാണോ ഉയര്‍ത്തിയാണോ എന്ന് തീരുമാനിച്ച് നടപടികള്‍ ആരംഭിക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് തീര്‍ത്ഥാടകര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ചെങ്ങന്നൂര്‍- പമ്ബ റെയില്‍വേ പാതയ്ക്ക് തുടക്കം കുറിക്കുന്നത്.