ജനവിരുദ്ധ സര്‍ക്കാരിനെതിരെ രാഷ്ട്രീയ നിയമ പോരാട്ടങ്ങള്‍ തുടരും; കള്ളക്കേസെടുത്ത് തളര്‍ത്താനാകില്ലെന്ന് പ്രതിപക്ഷ എംഎൽഎമാർ

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധങ്ങളെ തുടർന്ന് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിൽ രൂക്ഷവിമർശനം ഉന്നയിച്ച് പ്രതിപക്ഷ എംഎൽഎമാർ. സ്പീക്കർ തുടർച്ചയായി അടിയന്തര പ്രമേയ നോട്ടീസ് അവതരണാനുമതി നിഷേധിക്കുന്ന സാഹചര്യത്തിലാണ് നിയമസഭ സമുച്ചയത്തിലെ സ്പീക്കറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന് പ്രതിപക്ഷ എം.എൽ.എമാർ അറിയിച്ചു. സ്പീക്കറെ തടയില്ലെന്നും സ്പീക്കറുടെ ഓഫീസിലേക്ക് തള്ളിക്കയറില്ലെന്നും ഉറപ്പ് നൽകിയിട്ടും യാതൊരു പ്രകോപനവുമില്ലാതെ പ്രതിഷേധിച്ച എം.എൽ.എമാർക്കെതിരെ ബല പ്രയോഗം നടത്താനാണ് വാച്ച് ആൻഡ് വാർഡ് ശ്രമിച്ചതെന്നും എംഎൽഎമാർ ചൂണ്ടിക്കാട്ടി. എംഎൽഎമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ, പി.കെ. ബഷീർ, കെ.കെ. രമ, ഉമ തോമസ് എന്നിവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

നിയമസഭയിലെ തന്നെ ഏറ്റവും മുതിർന്ന അംഗമായ തിരുവഞ്ചൂർ രാധാകൃഷ്ണനോട് ഡെപ്യൂട്ടി ചീഫ് മാർഷൽ അപമര്യാദയായി പെരുമാറുകയും തള്ളിമാറ്റുകയും ചെയ്തു. ഇതിനെ മറ്റ് എം.എൽ.എമാർ ചോദ്യം ചെയ്തു. ഇതിനിടെ സി.പി.എം എം.എൽ.എമാരായ എച്ച്. സലാം, സച്ചിൻ ദേവ്, ഐ.ബി സതീഷ്, ആൻസലൻ എന്നിവർ ഞങ്ങൾക്കു നേരെ പാഞ്ഞടുത്തു. സലാം, സച്ചിൻ ദേവ് എന്നിവരുടെ ആക്രമണത്തിൽ താഴെ വീണ സനീഷ് കുമാർ ജോസഫിനെ ഡെപ്യൂട്ടി ചീഫ് മാർഷൽ ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടുകയും മറ്റ് വാച്ച് ആൻഡ് വാർഡുകൾ അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു. ബോധരഹിതനായ സനീഷ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കെ.കെ രമയുടെ കൈ പിന്നിലേക്ക് പിടിച്ച് വച്ച് വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ വലിച്ചിഴയ്ക്കുകയും ആക്രമിക്കുകയും ചെയ്തു. സി.പി.എമ്മിനൊപ്പം ചേർന്ന് ഗൂഡാലോചന നടത്തി പാർട്ടി ഗുണ്ടകളെ പോലെയാണ് ഡെപ്യൂട്ടി ചീഫ് മാർഷലും വാച്ച് ആൻഡ് വാർഡും തങ്ങളോട് പെരുമാറിയത്. സി.പി.എം എം.എൽ.എമാരും ഇവർക്കൊപ്പം ചേർന്നുവെന്ന് എംഎൽഎമാർ അറിയിച്ചു.

ആക്രമണത്തിൽ കൈയ്യൊടിഞ്ഞ കെ.കെ രമ ഇന്നലെ തന്നെ സംസ്ഥാന പൊലീസ് മേധവിക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. രാത്രി വൈകിയാണ് സനീഷ് കുമാർ ജോസഫിന്റെ മൊഴി രേഖപ്പെടുത്തിയത്. ഡെപ്യൂട്ടി ചീഫ് മാർഷലിന്റെയും വനിതാ വാച്ച് ആൻഡ് വാർഡിന്റെയും പരാതി എഴുതി വാങ്ങി അവരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് കാട്ടിയ തിടുക്കം പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന എം.എൽ.എമാരുടെ കാര്യത്തിലുണ്ടായില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

ആക്രമണത്തിന് ഇരയായ തങ്ങളുടെ എം.എൽ.എമാർ നൽകിയ പരാതിയിൽ ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം തങ്ങൾക്കെതിരെ ഡെപ്യൂട്ടി ചീഫ് മാർഷലും വാച്ച് ആൻഡ് വാർഡും നൽകിയ പരാതികളിൽ ജാമ്യം ഇല്ലാത്ത വകുപ്പുകളാണ് ചുമത്തിയത്. പ്രതിപക്ഷത്തിന്റെ നിയമസഭയിലെ അവകാശങ്ങൾ നിഷേധിക്കുന്നതിനൊപ്പം പൊലീസും നീതി നിഷേധത്തിന് കൂട്ടു നിൽക്കുകയാണ്. ജനാധിപത്യ സംവിധാനത്തിൽ ഇത് അംഗീകരിക്കാനാകില്ല. നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായി നിങ്ങൾ ചെയ്യുന്നതെല്ലാം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്ന് സർക്കാരും സി.പി.എമ്മും ഓർക്കണം. ഒരുതരത്തിലുള്ള ഭീഷണിക്കും തങ്ങൾ വഴങ്ങില്ല. കള്ളക്കേസും കയ്യൂക്കും കൊണ്ട് തളർത്താനുമാകില്ല. ജനവിരുദ്ധ സർക്കാരിനെതിരെ സാധ്യമായ എല്ലാ നിലകളിലുള്ള പോരാട്ടവും തുടരും. കള്ളക്കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. തുടർ ഭരണത്തിന്റെ അഹങ്കാരത്തിൽ എന്തും ചെയ്യാമെന്ന ധാർഷ്ട്യം ജനങ്ങളോടുള്ള നിങ്ങളുടെ വെല്ലുവിളിയാണെന്നും പ്രതിപക്ഷ എംഎൽഎമാർ കൂട്ടിച്ചേർത്തു.