കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി നാസയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്കായി കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ സമീപിക്കാനൊരുങ്ങി സിറ്റി പൊലീസ്. നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി സംവിധാനത്തില്‍ നിന്നുള്ള ഉപഗ്രഹദൃശ്യങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.
അതേസമയം, തീപിടിത്തം ആദ്യമുണ്ടായത് ബ്രഹ്മപുരം പ്ലാന്റിലെ സെക്ടര്‍ ഒന്നിലാണെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ഒരേസമയം ഒന്നിലധികം ഇടങ്ങളില്‍ തീപടര്‍ന്നിട്ടുണ്ടെങ്കില്‍ അട്ടിമറിസാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതല്‍ വ്യക്തത വരുത്താനായി വരും ദിവസങ്ങളില്‍ കാലാവസ്ഥാ വകുപ്പുമായി ബന്ധപ്പെടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍ പറഞ്ഞു.
അതിനിടെ, കൊച്ചിയില്‍ ബുധനാഴ്ച രാത്രിയില്‍ ആസിഡ് മഴയാണ് പെയ്തതെന്ന വാദങ്ങള്‍ അടിസ്ഥാന രഹിതമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടി. ആസിഡ് മഴ ആണെന്ന് തെളിയിക്കുന്ന യാതൊരു പഠനങ്ങളും നടത്തിയിട്ടില്ല. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ആസിഡ് മഴ പെയ്യാനുള്ള സാഹചര്യങ്ങളും വളരെ കുറവാണെന്നും കുസാറ്റ് സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. അബേഷ് രഘുവരന്‍ പറഞ്ഞു.

