കേരളത്തിലെ സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരും; പ്രശംസയുമായി രാഷ്ട്രപതി

തിരുവനന്തപുരം: കേരളത്തെ പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. കേരളത്തിലെ സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. സ്ത്രീശാക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയാണ് കുടുംബശ്രീയെന്നും രാഷ്ട്രപതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കവെയായിരുന്നു രാഷ്ച്രപതിയുടെ വാക്കുകൾ.

നാഞ്ചിയമ്മയ്ക്ക് ദേശീയ അവാർഡ് നൽകാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായി. രാജ്യത്ത് വിവിധ മേഖലകളിൽ ആദ്യ നേട്ടം കൈവരിച്ച സ്ത്രീകൾ കേരളത്തിൽ നിന്നാണെന്നും ദ്രൗപതി മുർമു അഭിപ്രായപ്പെട്ടു.

കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി അഞ്ചു ലക്ഷം വനിതകൾ ചേർന്നു കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന ‘രചന’യുടെ ഉദ്ഘാടനവും പട്ടിവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള ഉന്നതി പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ രാഷ്ട്രപതി നിർവഹിച്ചു. മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്‌നിക്കൽ എൻജിനീയറിങ് ആൻഡ് ഡിപ്ലോമ ബുക്കുകളുടെ പ്രകാശനവും രാഷ്ട്രപതി നിർവഹിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.