ശ്രീലങ്കയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ; നിർധന വിഭാഗങ്ങൾക്ക് ഇന്ത്യ റേഷൻ കിറ്റ് വിതരണം ചെയ്തു

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. ശ്രീലങ്കയിലെ നിർധന വിഭാഗങ്ങൾക്ക് ഇന്ത്യ റേഷൻ കിറ്റ് വിതരണം ചെയ്തു. ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെട്ടാണ് ഭക്ഷണക്കിറ്റ് വിതരണം ചെയ്തത്. കൽമുനൈയിലെ റേഷൻ വിതരണത്തിന്റെ ദൃശ്യങ്ങൾ എന്ന അടിക്കുറിപ്പിൽ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കിറ്റുകൾ വിതരണം ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകിയ സഹായങ്ങൾക്ക് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി നന്ദി അറിയിച്ചിരുന്നു. ന്യൂഡൽഹിയിലെത്തിയപ്പോഴാണ് അദ്ദേഹം ഇന്ത്യ നൽകിയ സഹായങ്ങൾക്ക് നന്ദി അറിയിച്ചത്.

ഇന്ത്യയിലെ ജനങ്ങൾപോലും തങ്ങളെ സഹായിക്കാൻ മുന്നോട്ട് വന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കൾ മോശം സമയം വരുമ്പോൾ പരീക്ഷിക്കപ്പെടുന്നു. ഇന്ത്യ തങ്ങൾക്ക് ഒപ്പം നിന്നുവെന്നും അതിനാൽ ഇന്ത്യ തങ്ങൾക്കായി ചെയ്തതിന് തങ്ങൾ വളരെ നന്ദിയുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. കനത്ത പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോൾ നേരിടുന്നത്. കോവിഡിനെ തുടർന്ന് ടൂറിസം മേഖലയിൽ ഇടിവ് രേഖപ്പെടുത്തിയതാണ് ശ്രീലങ്കയുടെ വരുമാനം കുറയാൻ കാരണം. ചൈനയിൽ നിന്നടക്കം വലിയ തുക കടമായി എടുത്തതും തിരിച്ചടി നേരിടാൻ കാരണമായി.