അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യം ഇല്ലാതാക്കണം; ഇലക്ട്രിക് വാഹനങ്ങൾ വാങ്ങണമെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഒരുകാരണവശാലും റോഡുകളിൽ വാഹനങ്ങൾ പാർക്കുചെയ്യരുതെന്ന് നിർദ്ദേശം നൽകി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. അത്തരത്തിൽ റോഡുകളിൽ പാർക്ക് ചെയ്യുകയാണെങ്കിൽ പിഴ ചുമത്തുമെന്നും ഗഡ്കരി വ്യക്തമാക്കി. ഡൽഹിയെ വൃത്തിയുള്ളതും മാലിന്യമുക്തമായതുമായ ഒരു നഗരമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹിയിൽ പൊതുചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യം ഇല്ലാതാക്കണമെന്ന് താൻ ആഗ്രഹിക്കുന്നു. ജനങ്ങളുടെ പിന്തുണ ഇക്കാര്യത്തിൽ ആവശ്യമാണ്. നിങ്ങൾ ഇപ്പോൾ വാഹനങ്ങൾ വാങ്ങുകയാണെങ്കിൽ പെട്രോളോ ഡീസലോ വാങ്ങരുതെന്നും ഇലക്ട്രിക് അല്ലെങ്കിൽ ഫ്‌ലെക്‌സ് എഞ്ചിൻ കാറുകൾ വാങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഫ്‌ലെക്‌സ് എഞ്ചിൻ കാറുകളിൽ(ജൈവ ഇന്ധനം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ) കർഷകർ സൃഷ്ടിക്കുന്ന എഥനോൾ നിങ്ങൾക്ക് ഉപയോഗിക്കാം. നമ്മുടെ കർഷകർ ഇപ്പോൾ അന്നദാതാക്കൾ മാത്രമല്ല ഊർജദാതാക്കൾ കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.