ബംഗളൂരു: 2030 ഓടെ ഇന്ത്യക്കാരുടെ ബഹിരാകാശ വിനോദ സഞ്ചാരം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ആറ് കോടി രൂപയോളമാണ് ഒരാള്‍ക്ക് ഇതിനായി മുടക്കേണ്ടി വരിക.
അതേസമയം, ഇന്ത്യയുടെ സ്വന്തം സ്‌പേസ് ടൂറിസം മൊഡ്യൂളിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് അറിയിച്ചു. പുനരുപയോഗിക്കാന്‍ സാധിക്കുന്ന സുരക്ഷിതമായ റോക്കറ്റിലായിരിക്കും ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളുടെ യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹിരാകാശത്ത് പതിനഞ്ച് മിനിറ്റോളം ചെലവഴിക്കുന്ന രീതിയിലാണ് മൊഡ്യൂള്‍ സജ്ജമാക്കുന്നത്. എന്നാല്‍, എത്രത്തോളം ഉയരത്തിലാണ് ഇന്ത്യയുടെ മൊഡ്യൂള്‍ പോകുക എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടിട്ടില്ല. ബഹിരാകാശ വിനോദ സഞ്ചാരത്തിന്റെ സാധ്യതകളെകുറിച്ച് പഠനം ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു

