പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തിനായി മുസ്ലിം ലീഗിൽ ചരടുവലികൾ; ജില്ലാ നേതൃത്വങ്ങളെ മലപ്പുറത്തേക്ക് വിളിപ്പിച്ചു

മലപ്പുറം: പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തിനായി മുസ്ലിം ലീഗിൽ ചരടുവലികൾ. എം.കെ.മുനീറിനായും പി.എം.എ.സലാമിനായുമുള്ള ചരടുവലികളാണ് നടക്കുന്നത്. ജില്ലാ നേതൃത്വങ്ങളെ മലപ്പുറത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന കൗൺസിൽ യോഗം ശനിയാഴ്ച കോഴിക്കോട് ചേരാനാരിക്കെയാണ് ജില്ലാ ഭാരവാഹികളെ വിളിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച മലപ്പുറത്തേക്കെത്തണമെന്നാണ് ജില്ലാ അധ്യക്ഷൻമാരോടും ജനറൽ സെക്രട്ടറിമാരോടും സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നൽകിയിട്ടുള്ള നിർദ്ദേശം. കെ.എം.ഷാജിയടക്കമുള്ള ചില നേതാക്കൾ എ.കെ.മുനീറിനെ ജനറൽ സെക്രട്ടറിയാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇ ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൾ വഹാബ്, കെപിഎ മജീദ് തുടങ്ങിയ നേതാക്കളും മുനീറാണ് പിന്തുണ നൽകുന്നത്.

എന്നാൽ, പി കെ കുഞ്ഞാലിക്കുട്ടിയുൾപ്പടെയുള്ളവർ നിലവിലെ ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ.സലാം തുടരട്ടെയെന്ന നിലപാടിലാണ്.