പാർലമെന്റിൽ സംസാരിക്കാൻ കേന്ദ്ര സർക്കാർ തന്നെ അനുവദിക്കുമെന്ന് കരുതുന്നില്ല; രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ സംസാരിക്കാൻ കേന്ദ്ര സർക്കാർ തന്നെ അനുവദിക്കുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പല ബിജെപി നേതാക്കളും തനിക്കെതിരെ സഭയിൽ പല ആരോപണങ്ങളും ഉന്നയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിശദീകരണം നൽകാൻ തന്നെ അനുവദിക്കുമോ, അതോ നിഷേധിക്കുമോ എന്നറിയാൻ രാജ്യം കാത്തിരിക്കുകയാണ്. എന്തായാലും, വെള്ളിയാഴ്ച സർക്കാർ അതിന് സമ്മതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർലമെന്റിൽ വിശദീകരണം നൽകേണ്ടത് എംപി എന്ന നിലയിൽ തന്റെ അവകാശമാണ്. പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് താൻ സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.

അദാനിയും മോദിയും തമ്മിലുള്ള ബന്ധം എന്താണെന്നുള്ളതാണ് പ്രധാന വിഷയം. താൻ വന്ന് ഒരുമിനിറ്റ് കഴിഞ്ഞപ്പോൾ പാർലമെന്റ് പിരിഞ്ഞു. തന്റെ ആശയം വ്യക്തമാക്കാമെന്ന് വിചാരിച്ചാണ് ഞാൻ ഇവിടെ എത്തിയത്. ഇന്ത്യൻ ജനാധിപത്യം സുഗമമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ, തനിക്ക് പറയാനുള്ളത് പാർലമെന്റിൽ പറയാനാകും. ഇന്ത്യൻ ജനാധിപത്യത്തിന്റെ പരീക്ഷണമാണ് നിങ്ങൾ കാണുന്നത്. നാല് മന്ത്രിമാർക്ക് നൽകിയ അതേ അവസരം ഒരു എംപിയായ എനിക്ക് ആരോപണങ്ങൾക്ക് മറുപടി പറയാൻ നൽകുമോ എന്നതാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.