ജഗന്‍ മോഹന്‍ റെഡ്ഡി പൊട്ടക്കിണറ്റിലെ തവളയെന്ന് വിശേഷിപ്പിച്ച് ഗായകന്‍ അദ്നാന്‍ സാമി

നാട്ടു നാട്ടുവിന് ഓസ്‌കര്‍ ലഭിച്ചതിനെ അഭിനന്ദിച്ച് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഇട്ട ട്വീറ്റിന് മറുപടിയെന്നോണം പൊട്ടക്കിണറ്റിലെ തവളയെന്ന് വിശേഷിപ്പിച്ച് ഗായകന്‍ അദ്നാന്‍ സാമി. എന്നാല്‍, സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ മറുപടി ട്വീറ്റും താരം പോസ്റ്റ് ചെയ്തു.

തെലുങ്ക് പതാക ഉയരെ പറക്കുന്നുവെന്നും തെലുങ്ക് പാരമ്ബര്യം ആവോളമാഘോഷിക്കുന്ന ഒരു ഗാനത്തിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചതില്‍ അഭിമാനം തോന്നുന്നുവെന്നുമായിരുന്നു നാട്ടു നാട്ടുവിന്റെ ഓസ്‌കറിന് പിന്നാലെ ജഗന്‍ മോഹന്റെ ട്വീറ്റ്. ഇതിന് പിന്നാലെ ട്വീറ്റിനെതിരെ വിമര്‍ശനവുമായി അദ്നാന്‍ സാമി രംഗത്തെത്തി. മുഖ്യമന്ത്രി രാജ്യത്തെ വിഭജിക്കുന്നുവെന്നും തന്റെ മൂക്കിന് അപ്പുറത്തായതിനാല്‍ സമുദ്രത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത പൊട്ടക്കിണറ്റിലെ തവളയാണ് മുഖ്യമന്ത്രി എന്നുമായിരുന്നു അദ്നാന്‍ സാമിയുടെ ട്വീറ്റ്. ട്വീറ്റ് വൈറലായതോടെ പ്രതിഷേധം കത്തിപ്പടര്‍ന്നു.

മുഖ്യമന്ത്രിയ്ക്കെതിരെ സഭ്യമല്ലാത്ത ഭാഷ പ്രയോഗിച്ചു എന്നായിരുന്നു ട്വീറ്റിന് താഴെ ഭൂരിഭാഗം ആളുകളും കുറിച്ചത്. മുഖ്യമന്ത്രിയുടെ ട്വീറ്റില്‍ പ്രാദേശിക മനോഭാവം കണ്ടെത്തേണ്ട കാര്യമില്ലെന്നും സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹം പ്രതികരിച്ചതെന്നും ചൂണ്ടിക്കാട്ടി നിരവധി പേരെത്തിയതോടെ താന്‍ ഒരു ഭാഷയെയും മോശമെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും രാജ്യത്തെ ഏത് ഭാഷയും ഇന്ത്യ എന്ന ഒറ്റപ്പേരില്‍ അറിയപ്പെടണം എന്നത് മാത്രമാണ് ആഗ്രഹമെന്നും അദ്നാന്‍ സാമി മറുപടി ട്വീറ്റ് പോസ്റ്റ് ചെയ്തു. ഭാഷയുടെ അതിര്‍വരമ്ബുകള്‍ക്കപ്പുറത്ത് എല്ലാവരും ഒന്നായി കണക്കാക്കപ്പെടണം എന്ന ആഗ്രഹം മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.