തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം കാണിക്കാത്തതിനാല്‍ സഭാ ടിവി ഉന്നതാധികാര സമിതിയില്‍ നിന്ന് പ്രതിപക്ഷ എംഎല്‍എമാരായ ആബിദ് ഹുസ്സൈന്‍ തങ്ങള്‍, റോജി എം ജോണ്‍, എം വിന്‍സെന്റ്, മോന്‍സ് ജോസഫ് എന്നിവര്‍ രാജി വെക്കും.
സഭയിലെ പ്രതിപക്ഷ പ്രതിഷേധമോ പ്രതിപക്ഷ നേതാവിന് ഉള്‍പ്പെടെ എം എല്‍ എമാരുടെ പ്രതിഷേധമോ കുറച്ചു നാളുകളായി സഭാ ടിവി കാണിക്കാറില്ല. സ്പീക്കറുടെ ഓഫീസിനു മുന്നില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ സമരം നടക്കുമ്പോഴും ആ ദൃശ്യങ്ങള്‍ സഭാ ടിവി കാണിച്ചിരുന്നില്ല. തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ സ്വന്തം മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു.
അതേസമയം, സഭാ ടിവി ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയെന്ന് വി.ഡി സതീശന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. സഭാ ടിവി ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അവരുമായി സഹകരിക്കണമോയെന്നതില്‍ പ്രതിപക്ഷത്തിന് പുനരാലോചന നടത്തേണ്ടി വരുമെന്നും പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

