കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഉച്ചയ്ക്ക് 1.40ന് പ്രത്യേക വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രാഷ്ട്രപതി ഇറങ്ങുന്നത്. ശേഷം നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കും.
നാവികസേനയുടെ ഭാഗമായ ഐഎന്‍എസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ ‘നിഷാന്‍’ വൈകിട്ട് 4.20 ന്് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി സമ്മാനിക്കും. തുടര്‍ന്ന് വൈകിട്ട് 7.20ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ താമസിക്കുന്നത്. 17ന് രാവിലെ 9.30ന് ഹെലികോപ്ടറില്‍ കൊല്ലം വള്ളിക്കാവില്‍ മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കുകയും തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസ് കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പൗരസ്വീകരണത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കുകയും ചെയ്യും. മാര്‍ച്ച് 18ന് രാവിലെ കന്യാകുമാരി സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ഉച്ചയോടെ ലക്ഷദ്വീപിലേയ്ക്ക് പോകും. 21ന് ഉച്ചയ്ക്ക് കേരളത്തില്‍ തിരിച്ചെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാകും ഡല്‍ഹിയിലേയ്ക്ക് മടങ്ങുക.
അതേസമയം, രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനെ തുടര്‍ന്ന് ഇന്ന് കൊച്ചി നഗരത്തിലും പശ്ചിമ കൊച്ചിയിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 6 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

