ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കേന്ദ്ര സർക്കാർ. തീപിടിത്തത്തെ തുടർന്നുള്ള ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊച്ചിയിലേക്ക് ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെ അയയ്ക്കാമെന്ന് അറിയിച്ചിട്ടും സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ആരോപണം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചതെന്ന് ജെബി മേത്തർ എം.പി പറഞ്ഞു. മന്ത്രിയുമായി ജെബി മേത്തർ എംപി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
കൊച്ചിയിൽ മാലിന്യം കത്തിയതിനെ തുടർന്നുണ്ടായ പുക നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് കേരളത്തിൽ നിന്നുള്ള എം.പിമാരും കേന്ദ്രമന്ത്രി വി. മുരളീധരനും കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നു. തുടർന്ന് വിദഗ്ദ്ധ സംഘത്തെ അയയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചുവെങ്കിലും അനുകൂല നിലപാടൊന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം, സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. കൊച്ചിയിലേക്ക് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കാമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാഗ്ദാനത്തിന് കേരളം മറുപടി കൊടുത്തില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കാനാണോ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. ഈ കാര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരണം പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചിയിലെ വീഴ്ച ലോകം അറിയാതിരിക്കാനാണോ അഴിമതി പുറത്തറിയാതിരിക്കാനാണോ സംസ്ഥാനം ഇത്തരമൊരു ഞെട്ടിക്കുന്ന നിലപാട് എടുത്തതെന്ന് പിണറായി വിജയൻ പറയണം. ബ്രഹ്മപുരം സംഭവത്തിൽ ഇതുവരെ മിണ്ടാതിരുന്ന മുഖ്യമന്ത്രി ഇപ്പോൾ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത് വെറും പ്രഹസനമാണെന്ന് . തീ അണയ്ക്കാൻ ഇത്രയും വൈകിയതിനെ പറ്റി പറയാതെ 13 ദിവസത്തിന് ശേഷം തീ അണച്ചത് വലിയ ആനകാര്യമായി പറയുകയാണ് മുഖ്യമന്ത്രി. സർക്കാരിന്റെ പരാജയമാണ് തീ അണയ്ക്കുന്നത് ഇത്രയും വൈകാൻ കാരണമെന്നത് മുഖ്യമന്ത്രി മറച്ചുവെക്കുകയാണ്. ബ്രഹ്മപുരം മാലിന്യ നിർമ്മാർജന കരാർ സോൻഡ കമ്പനിക്ക് കൊടുത്തത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. സർക്കാർ തലത്തിൽ നടന്ന അഴിമതി പൊലീസും വിജിലൻസും അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാം. കൊച്ചി കോർപ്പറേഷൻ പിരിച്ചുവിടുകയാണ് ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെങ്കിൽ മുഖ്യമന്ത്രി ചെയ്യേണ്ടത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമോ കേന്ദ്ര ഏജൻസികളെ വിളിക്കുകയോ ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

