കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലും പരിസരത്തും പെയ്തത് അമ്ല മഴയെന്ന് വിദഗ്ദ്ധർ. സ്വതന്ത്ര ഗവേഷകൻ ഡോ. എ. രാജഗോപാൽ കമ്മത്ത് ചെയ്ത ലിറ്റ്മസ് ടെസ്റ്റിലാണ് ആദ്യ മഴയിൽ ലഭിച്ച വെള്ളത്തിൽ അമ്ലാംശം കണ്ടെത്തിയത്. വെള്ളത്തിൽ മുക്കിയ ലിറ്റ്മസ് പേപ്പർ ചുവന്ന നിറമായി. വൈറ്റില ഭാഗത്ത് നിന്ന് ശേഖരിച്ച വെള്ളത്തിലായിരുന്നു അദ്ദേഹം പരീക്ഷണം നടത്തിയത്.
നാലിനും നാലരയ്ക്കും ഇടയിലായിരുന്നു വെള്ളത്തിന്റെ പി.എച്ച് വാല്യൂ . ഈ മഴ അധികമായി കൊള്ളുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബ്രഹ്മപുരത്തു നിന്നുള്ള വിഷപ്പുകയാണ് അമ്ല മഴയ്ക്കു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ ലഭിച്ച ആദ്യമഴയായിരുന്നു കഴിഞ്ഞ ദിവസത്തേത്. തീപിടിത്തത്തിന് ശേഷം ആദ്യം പെയ്യുന്ന മഴ ശ്രദ്ധിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

