ബ്രഹ്മപുരം തീപിടുത്തം: വിശദമായ അന്വേഷണം നടത്തും; പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

‘ബ്രഹ്മപുരം തീപിടുത്തത്തില്‍ വിശദമായ അന്വേഷണം നടത്തും. തീപിടിത്തത്തിന്റെ ഉത്തരവാദികള്‍ ആരൊക്കെയെന്നും കൊച്ചി കോര്‍പ്പറേഷന് വീഴ്ച്ച പറ്റിയോ എന്നും പരിശോധിക്കും. അന്വേഷണത്തിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. കൊച്ചി കോര്‍പറേഷനിലെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. മാലിന്യ പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം നടത്തും. ബ്രഹ്മപുരത്ത് തീപിടിത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ, ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ സംബന്ധിച്ചും, മാലിന്യസംസ്‌കരണ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സാങ്കേതിക വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കും. തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെല്ലാം, ഭാവിയില്‍ തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ നടപ്പിലാക്കേണ്ട നടപടികള്‍, ഖരമാലിന്യ സംസ്‌കരണ-മാലിന്യ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ നിലവിലെ സ്ഥലം എത്രത്തോളം അനുയോജ്യമാണ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും എത്രത്തോളം പാലിക്കപ്പെട്ടിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ വിദഗ്ധ സംഘം പഠിക്കും.