ന്യൂഡൽഹി: കോൺഗ്രസിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം. പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിച്ചുവെന്ന് എംപിമാരും കെപിസിസി അധ്യക്ഷനും വ്യക്തമാക്കി. സംയുക്തമായി വാർത്താ സമ്മേളനത്തിലൂടെയാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ അടുത്തയാഴ്ച കേരളത്തിലെത്തും. രമേശ് ചെന്നിത്തല ഉൾപ്പെടെ മുതിർന്ന നേതാക്കളെ കേൾക്കാനായാണ് അദ്ദേഹത്തിന്റെ കേരളാ സന്ദർശനം.
ഡൽഹി ലോധി എസ്റ്റേറ്റിലെ വീട്ടിൽ കെ.സി വേണുഗോപാൽ വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രശ്‌ന പരിഹാരം ഉണ്ടായത്. രാഹുൽ ഗാന്ധിയൊഴികെ കേരളത്തിൽ നിന്നുള്ള മുഴുവൻ കോൺഗ്രസ് എം.പിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഡിസിസി, ബ്ലോക്ക് തല പുനഃസംഘടനയിൽ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് ഭൂരിഭാഗം എം.പിമാരും യോഗത്തിൽ വ്യക്തമാക്കിയത്.
കെ മുരളീധരനും എം കെ രാഘവനും പരസ്യ പ്രസ്താവന വിലക്കി കത്ത് നൽകിയതും വിമർശിക്കപ്പെട്ടു. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പരസ്പരം പോരുമായി മുന്നോട്ട് പോകരുത് എന്ന് എഐസിസി നേതൃത്വം എംപിമാരോടും കെ സുധാകരനോടും നിർദേശിച്ചു. പരസ്യ പ്രതികരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുഃനസംഘടനയിൽ എംപിമാരെക്കൂടി കേട്ട് തീരുമാനം എടുക്കും എന്ന യോഗത്തിൽ ഉറപ്പ് നൽകിയതിനെ തുടർന്നാണ് നേതാക്കൾ സംയുക്തമായി മാധ്യമങ്ങളെ കണ്ടത്. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിച്ചു. അഭിപ്രായ വ്യത്യാസമുള്ള എല്ലാവരുമായും ചർച്ച നടത്തും. രാഷ്ട്രീയകാര്യ സമിതി യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

