വാഷിംഗ്ടൺ: അമേരിക്കൻ സൈനിക വിമാനത്തെ തടഞ്ഞു നിർത്തി റഷ്യൻ ജെറ്റുകൾ. അമേരിക്കയുടെ ആളില്ലാ സൈനിക ഡ്രോൺ വിമാനമായ എംക്യു-9 റീപ്പറിനെയാണ് റഷ്യൻ യുദ്ധവിമാനങ്ങൾ തടയുകയും ഇടിക്കുകയും ചെയ്തത്.
അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ കരിങ്കടലിന് സമീപമാണ് സംഭവം. തങ്ങളുടെ പതിവ് നിരീക്ഷണങ്ങൾക്കായി എംക്യു-9 റീപ്പർ വിമാനം പറക്കുന്നതിനിടെ റഷ്യയുടെ എസ്യു-27 യുദ്ധജെറ്റ് വിമാനങ്ങൾ ഇവയെ തടയുകയും നിർബന്ധപൂർവം കരിങ്കടലിൽ ഇറക്കാൻ ഇടയാക്കുകയും ചെയ്തുവെന്ന് അമേരിക്ക ആരോപിച്ചു. അമേരിക്കൻ എയർഫോഴ്സ് ജനറൽ ജെയിംസ് ബി.ഹെക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തുർക്കി, യുക്രെയിൻ, റഷ്യ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന കരിങ്കടലിലെ അന്താരാഷ്ട്ര വ്യോമമേഖലയിലാണ് സംഭവം നടന്നതെന്ന് അദ്ദേഹം പറയുന്നു. റഷ്യൻ വിമാനങ്ങൾ എംക്യു-9നെ താഴെയിറക്കും മുൻപ് ഇന്ധനം ഒഴിക്കുകയും അശ്രദ്ധമായും മോശമായും അതിന് മുന്നിൽ പറക്കുകയും ചെയ്തതായാണ് യുഎസ് യൂറോപ്യൻ കമാന്റന്റ് വ്യക്തമാക്കിയത്.
ചൊവ്വാഴ്ച പുലർച്ചെ ഏഴോടെയാണ് ഡ്രോണിന്റെ പ്രൊപ്പല്ലറിൽ റഷ്യൻ ജെറ്റുകളിലൊന്ന് ഇടിച്ചത്. ഇതോടെ ഡ്രോൺ ലാൻഡിംഗിന് നിർബന്ധിതമായെന്നും തീർത്തും സുരക്ഷിതമല്ലാത്തതും പ്രൊഫഷണൽ അല്ലാത്തതുമായ തരത്തിലാണ് റഷ്യൻ പെരുമാറ്റമുണ്ടായതെന്നും അദ്ദേഹം അറിയിച്ചു.

