ന്യൂഡല്‍ഹി: അപമാനിതരായി മത്സരിക്കാനില്ലെന്ന് ദേശീയ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിളിച്ച യോഗത്തില്‍ എം.കെ രാഘവനും കെ മുരളീധരനും അറിയിച്ചു. എന്നാല്‍, തെറ്റിദ്ധാരണകള്‍ നീക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഉറപ്പ് നല്‍കി.
അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കെ. മുരളീധരനും എം.കെ രാഘവനുമെതിരെ കത്തയച്ചത് ഉചിതമായില്ലെന്ന എംപിമാരുടെ അഭിപ്രായം കെ. സുധാകരന്‍ അംഗീകരിച്ചു. ഇരുവര്‍ക്കും കത്തയച്ചതിലൂടെ അധികാരം പ്രയോഗിച്ചതല്ലെന്നും തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിനൊപ്പമുള്ള ജനറല്‍ സെക്രട്ടറിയടക്കം 4 പേരാണു കെപിസിസിയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് യോഗത്തില്‍ ഏതാനും എംപിമാര്‍ കുറ്റപ്പെടുത്തി. പുനഃസംഘടനയ്ക്കു മേല്‍നോട്ടം വഹിക്കാന്‍ പ്രധാന നേതാക്കളെ ഉള്‍പ്പെടുത്തി സംസ്ഥാനതല സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിക്കാനും ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ എംപിമാരുടെ അഭിപ്രായം തേടാനും തീരുമാനിച്ചു.
അതേസമയം, പാര്‍ട്ടിയില്‍ നിന്ന് മുന്‍പ് രാജിവച്ചയാളെ തനിക്കൊപ്പമുള്ള ജനറല്‍ സെക്രട്ടറിയായി സുധാകരന്‍ നിയമിച്ചതിനാല്‍ പ്രസിഡന്റിന്റെ ആള്‍ക്കാരാണെന്നു പറഞ്ഞ് ജില്ലാ നേതൃത്വങ്ങളെ ഇവര്‍ നിയന്ത്രിക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തന്റെ മണ്ഡലത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കോഴിക്കോട്ടെ ജില്ലാ നേതൃത്വം അനുവദിക്കുന്നില്ലെന്നും നേതൃത്വത്തിന്റെ കത്തില്‍ താന്‍ അപമാനിതനായെന്നും രാഘവന്‍ വ്യക്തമാക്കി.

