തിരുവനന്തപുരം: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫലിക്ക് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ഇത് മൂന്നാം തവണയാണ് എൻഫോഴ്സ് ഡയറക്ടറേറ്റ് യൂസഫലിയ്ക്ക് നോട്ടീസ് അയച്ചിട്ടുള്ളത്. ഇനി ഹാജരായില്ലെങ്കിൽ കോടതിയിലുടെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് ഇഡി കടക്കുമെന്നാണ് വിവരം.
നേരത്തെ യുസഫലിയുടെ പ്രതിനിധി ഇഡിക്ക് മുൻപിൽ എത്തിയിരുന്നു. എന്നാൽ യുസഫലി നേരിട്ട് ഹാജരാകണമെന്നാണ് ഇഡി അന്ന് ആവശ്യപ്പെട്ടത്. മാർച്ച് 16 ന് ഹാജരാകണമെന്നാണ് നോട്ടീസിൽ ഇഡി നൽകിയിരിക്കുന്ന നിർദ്ദേശം. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ മൊഴിയും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട മുൻ കൂടിക്കാഴ്ച്ചകളുടെയും വിവരങ്ങളാണ് ഇഡി യൂസഫലിയും നിന്നും ചോദിച്ചറിയുക.
ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിൽ കഴിയുന്ന സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനും തമ്മിൽ നടന്ന വാട്‌സ്ആപ്പ് ചാറ്റിലാണ് യൂസഫലിയുടെ പേര് പരാമർശിക്കപ്പെട്ടത്. സ്വപ്നയ്ക്ക് ജോലി കിട്ടാൻ വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിനെ ശിവശങ്കർ ഉപയോഗിച്ചുവെന്ന് വ്യക്തമാകുന്ന ചാറ്റുകളാണ് പുറത്തു വന്നത്.

